Tuesday, August 22, 2017

ചില ചൂളം വിളികൾ

പാളം നിറയെ ചെളിയാണ്. ഇന്നലെ ആടിത്തിമിർത്ത മഴയുടെ ബാക്കി പത്രം. എല്ലാം തീരുമാനിച്ചാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.ആ നശിച്ച ട്രെയിൻ ഒന്നു പെട്ടന്ന് വന്നിരുന്നെങ്കിൽ. കൈയ്യിലെ മദ്യക്കുപ്പിയിലേക്ക് അവൻ ഒന്നു നോക്കി. അതു കാലിയായിരിക്കുന്നു. അവളോടുള്ള സകല പകയും ഓർത്തെടുത്ത് കുപ്പി ഒരൊറ്റ ഏറ്. 'അവൾ ' ..... അവളാണ് എല്ലാത്തിനും കാരണം
 എത്ര തീവ്രമായാണ് താൻ അവളെ പ്രണയിച്ചത്.കോളേജിലെ വാകമര ചുവട്ടിൽ വച്ച് എന്തെല്ലാം സ്വപ്നങ്ങളാണ് പങ്കുവെച്ചത്. എത്ര രാത്രികളാണ് ഉറക്കമില്ലാതെ ഫോണിൽ അവളോട് ജീവിതം പങ്കുവെച്ചത്.എന്നിട്ട് ഒരൊറ്റ നിമിഷം കൊണ്ട് തന്നെ വേണ്ടന്ന് വെച്ചിരിക്കുന്നു .അവൾ വേണ്ടെന്ന് വെച്ച നിമിഷം മുതൽ തന്നെ എല്ലാം തീരുമാനിച്ചതാണ് .... മരിക്കണം..... അതു മാത്രമാണ് ലക്ഷ്യം.
നഷ്ടങ്ങളുടെ മായാ പ്രപഞ്ചത്തിൽ ഒർമ്മകൾക്ക് തീ പിടിച്ചത് പോലുള്ള ചൂടാണ് മനസ്സ് നിറയെ. ദേ പിന്നേം മഴ .നശിച്ച മഴ . അല്ലെങ്കിൽ വേണ്ട ,ഇനി ഒരു മഴ കൂടി നനയാൻ കഴിയില്ലല്ലോ .മഴയുടെ ശക്തി കൂടി വരുന്നു .ദൂരെ ഒരു ചൂളം വിളി കേൾക്കാം...

അറിയാതെ കണ്ണൊന്ന് തുറന്നു, മുന്നിലേക്ക്  നോക്കി .ദൂരെ അരണ്ട ഒരു ചുവന്ന വെളിച്ചം. എന്തെന്നറിയാൻ ഒന്നൂടെ സൂക്ഷിച്ച് നോക്കി, ഏതോ പള്ളിയുടെ മുന്നിലെ കുരിശാണത്.കൊള്ളിയാൻ പോലെ എന്തോ ഒന്ന് ഹൃദയം തുളച്ചു കയറിയതു പോലെ. ഏതോ ഞായറാഴ്ച്ച പള്ളിയിൽ കേട്ട ഒരു വചനം ഉള്ളിലൂടെ കടന്നു പോയി "പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കില്ല" .... "അമ്മ"... പെട്ടന്നാണ് അമ്മയെ ഓർമ്മ വന്നത്... അമ്മ ,പെങ്ങൾ, അപ്പച്ചൻ ഇല്ലാത്ത കുടുംബം. ഏക ആൺതരിയാണ് താൻ .നനഞ്ഞ മഴയിൽ കുടിച്ച മദ്യത്തിന്റെ കെട്ടെല്ലാം മാറിയിരിക്കുന്നു... തീവണ്ടിയുടെ ചൂളം വിളി അടുക്കും തോറും ഉള്ളിലൊരു ഭയം, ഭയം കൂടിക്കൂടി വരുന്നു.. പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല.പാളത്തിൽ നിന്ന് എണീറ്റ് നടന്നു കുരിശ് കണ്ട ദിക്കിലേക്ക് ...